കേരളത്തിന്റെ വ്യോമഗതാഗത ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി നെടുമ്പാശ്ശേരി വിമാനത്താവളം. വരും തലമുറയെക്കൂടി ലക്ഷ്യമിട്ടുള്ള ബൃഹത്തായ വികസന പദ്ധതികൾക്കായി സിയാൽ (CIAL) മാസ്റ്റർ പ്ലാൻ തയാറാക്കുന്നു.
അടുത്ത 25 വർഷത്തെ വളർച്ച മുന്നിൽക്കണ്ടാണ് ഈ വമ്പൻ പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടാം റൺവേ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ നെടുമ്പാശ്ശേരിയിൽ യാഥാർഥ്യമാകും. പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ ആഗോളതലത്തിൽ പരിചയസമ്പന്നരായ കൺസൽറ്റൻസികളെ തേടി സിയാൽ ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു.
പത്ത് മാസത്തിനുള്ളിൽ മാസ്റ്റർ പ്ലാൻ തയാറാക്കാനാണ് കൺസൽറ്റൻസിക്ക് നൽകുന്ന സമയം. ഇതോടെ ഈ വർഷം അവസാനത്തോടെ വികസനത്തിന്റെ പൂർണരൂപം പുറത്തുവരും.സംസ്ഥാന സർക്കാരിന് റെക്കോർഡ് ലാഭവിഹിതമായ 79.82 കോടി രൂപ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് സിയാൽ ഈ പുതിയ വികസന വാർത്തയുമായി എത്തുന്നത്. കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വിമാനത്താവളമെന്ന പദവി നെടുമ്പാശ്ശേരിക്ക് കൂടുതൽ ഉറപ്പിക്കാം.