ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25 ശതമാനം തീരുവ നൽകേണ്ടിവരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇത് ഉടൻ പ്രാബല്യത്തിൽവരുമെന്നും ഈ ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ഇറാനെതിരേ ശക്തമായ നടപടി ആലോചിക്കുന്നതായി ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനുമേൽ സമ്മർദം ചെലുത്താനായി തീരുവ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇറാനുമായി വ്യാപാരപങ്കാളിത്തമുള്ള ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണ് യുഎസിൻ്റെ പുതിയ നടപടി.