Drisya TV | Malayalam News

ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി

 Web Desk    12 Jan 2026

ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. നിലവിലുള്ള ദേവസ്വം മാനുവൽ കൊണ്ട് കാര്യമില്ലെന്നും വിഷയം സംസ്ഥാനസർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും കടുത്ത ശിക്ഷ നിയമത്തിൽ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതികളുടെ ജാമ്യഹർജികൾ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി നിരീക്ഷണം നടത്തിയത്.

ദേവസ്വം മാനുവൽ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാൽ അത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ല എന്നുള്ള എ. പത്മകുമാറിന്റെ ജാമ്യഹർജിയിലുള്ള വാദത്തിലായിരുന്നു കോടതി പുതിയനിയമത്തിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. മാനുവലിൽ ലംഘനമുണ്ടായാൽ അത് ക്രിമിനൽ കുറ്റമല്ല പക്ഷെ മാനുവൽ ലംഘിച്ച് അതുവഴി ഒരു ക്രിമിനൽകുറ്റത്തിന് കൂട്ടുനിന്നാൽ അത് ക്രിമിനൽ കുറ്റമായി മാറും എന്ന് കോടതി പറഞ്ഞു. ഇതിനോട് ബന്ധപ്പടുത്തിയാണ് പുതിയ നിയമത്തെ കുറിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്.

ശബരിമലയിലെ മാത്രമല്ല സംസ്ഥാനത്തെ ഒട്ടേറെ ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും അതിനാൽ ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിനായി പുതിയനിയമം കൊണ്ടുവരണമെന്നുള്ള ആവശ്യം കോടതി മുന്നോട്ടുവെച്ചത്. സർക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ അഡിഷണൽ ജനറലിനോട് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കടുത്ത ശിക്ഷാവ്യവസ്ഥകളോടെ നിയമം കൊണ്ടുവരണമെന്നും കോടതി കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News