കരമനയിൽ നിന്ന് കാണാതായ പതിനാലുകാരി ഹൈദരാബാദിലുണ്ടെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് തമ്പാനൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങൾ പൊലീസ് പങ്കുവച്ചിരുന്നു.
സ്കൂളിൽ നിന്ന് ടൂർ പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി തമ്പാനൂരിൽ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടി എവിടേക്കു പോയി എന്നത് കണ്ടെത്താനായില്ല.
സമൂഹമാധ്യമത്തിലെ വിവരങ്ങൾ കണ്ട് ഒരു സ്ത്രീയാണ് പെൺകുട്ടിയെ ഹൈദരാബാദിൽവച്ച് തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്നു പൊലീസുമായി ബന്ധപ്പെടുകയായിരുന്നു . നിലവിൽ പൊലീസ് ഇടപെട്ട് പെൺകുട്ടിയെ ഹൈദരാബാദിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും പൊലീസും പെൺകുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.