Drisya TV | Malayalam News

ശബരിമല സ്വർണക്കടത്തുകേസിൽ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി

 Web Desk    12 Jan 2026

ശബരിമല സ്വർണക്കടത്തുകേസിൽ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യ ഹർജികളിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം.

പ്രോസിക്യൂഷൻ്റെ വാദത്തിനിടെയാണ് ഹൈക്കോടതി ദേവസ്വം ബോർഡിനെതിരേ വിമർശനം ഉന്നയിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവയിൽ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ വിമർശനം.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികളാണ് കോടതിയുടെ മുമ്പിലുള്ളത്. ഗോവർധൻ്റെ ജാമ്യ ഹർജിയിലാണ് പ്രധാനമായും വാദം കേട്ടത്.

താൻ 1.40 കോടി രൂപയോളം പല ആവശ്യങ്ങൾക്കായി ശബരിമലയിൽ ചെലവഴിച്ചു. ഇപ്പോൾ 25 ദിവസമായി താൻ ജയിലിൽ കിടക്കുകയാണെന്ന് ഗോവർധൻ കോടതി മുമ്പാകെ അറിയിച്ചു. എന്നാൽ, എസ്ഐടി എതിർപ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർധനനും സ്വർണക്കടത്തിൽ പ്രധാന പങ്കുണ്ടെന്നും എസ്ഐടി കോടതിയിൽ വ്യക്തമാക്കി.

ശബരിമല ശ്രീകോവിലിൻ്റെ വാതിൽ 35 ലക്ഷം രൂപ മുടക്കി പണിതുകൊടുത്തെന്നും ശ്രീ കോവിലിന്റെ മുമ്പിലെ ഹുണ്ടിക നിർമ്മിച്ചു കൊടുത്തത് താനാണെന്നും ഗോവർധൻ കോടതിയിൽ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയാണ് താൻ. കേസിൽ കുടുക്കപ്പെട്ടിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലിരുന്ന തന്നെ പൊടുന്നനെ പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ഗോവർധൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

  • Share This Article
Drisya TV | Malayalam News