കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിനു മത്സരിച്ച് കഞ്ചാവ് വലി. പത്താം ക്ലാസ് വിദ്യാർഥിയും പ്ലസ് വൺ വിദ്യാർഥിയുമടങ്ങുന്ന കുട്ടി സംഘത്തെ എക്സൈസ് പിടികൂടി. ചങ്ങനാശേരിയിൽ പരിശോധന ശക്തമാക്കിയ ഇന്നലെ തന്നെ ഉദ്യോഗസ്‌ഥരുടെ പിടിയിലായത് വിദ്യാർഥികളാണ്. ഇന്നലെ എസി റോഡിൽ പൂവത്തിനു സമീപം ഒഴിഞ്ഞ തുരുത്തിൽ നിന്നാണ് വിദ്യാർഥികളെ പിടികൂടിയത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനാണ് 6 പേരടങ്ങുന്ന വിദ്യാർഥികൾ എത്തിയത്. പോളിടെക്നിക്കിലെ വിദ്യാർഥിയും നഗരത്തിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പ്ലസ് വൺ വിദ്യാർഥിയും സംഘത്തിലുണ്ടായിരുന്നു.
ഒഴിഞ്ഞ തുരുത്തിലേക്ക് യൂണിഫോം ധരിച്ച വിദ്യാർഥികൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരനാണ് വിവരം എക്സൈസിനെ അറിയിച്ചത്. ഒഴിഞ്ഞ പ്രദേശങ്ങളിൽ വിദ്യാർഥികൾ സംഘമായി ലഹരി ഉപയോഗിക്കുന്ന വിവരം മനോരമ കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു. ഈ വാർത്തയെ തുടർന്നാണ് നാട്ടുകാരന് സംശയം തോന്നി എക്സൈസിനെ വിളിച്ചത്. മഫ്തിയിലെത്തിയ ചങ്ങനാശേരി എക്സൈസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും വിദ്യാർഥികളെ വളയുകയായിരുന്നു. 4 പേരെ പിടികൂടി. 2 പേർ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു.പിടിയിലായ വിദ്യാർഥികൾ പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ കൗൺസലിങ്ങിന് അയയ്ക്കും.