ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പതിനാലുദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഉച്ചയോടെയാണ് രാഹുലിനെ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയത്. മാവേലിക്കര സബ് ജയിലിലേക്കാകും രാഹുലിനെ മാറ്റുക.
ഐപിസി 376, 506 വകുപ്പുകളാണ് രാഹുലിന് മേൽ ചുമത്തിയിട്ടുള്ളത്. പ്രതി നിയമസഭാ സാമാജികനും ഉന്നതരാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധമുള്ളയാളുമാണെന്ന് റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പ്രതി, അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശേഷവും അതിജീവിതമാരെ ഭീഷണിപ്പെടുത്തുകയും കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അത് ഈ കേസിലും ആവർത്തിക്കാനിടയുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടെ ഹോട്ടലിൽനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയാണ് രാഹുലിനെതിരേ പരാതി നൽകിയിരുന്നത്.രാഹുലിനെതിരേ ഉയർന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.