Drisya TV | Malayalam News

സഹകരണ ടാക്സി സർവീസായ ഭാരത് ടാക്സിക്ക് വൻ സ്വീകാര്യതയെന്ന് കേന്ദ്ര സർക്കാർ

 Web Desk    7 Jan 2026

കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ പിന്തുണയോടെ ആരംഭിച്ച സഹകരണ ടാക്സി സർവീസായ ഭാരത് ടാക്സിക്ക് വൻ സ്വീകാര്യതയെന്ന് കേന്ദ്ര സർക്കാർ. പ്രവർത്തനമാരംഭിച്ച് ദിവസങ്ങൾക്കകം ടാക്സിക്ക് നാലുലക്ഷത്തിലധികം ഉപയോക്താക്കളായെന്ന് കേന്ദ്രസഹകരണമന്ത്രാലയം 'എക്സിൽ' കുറിച്ചു.കഴിഞ്ഞ രണ്ടുദിവസമായി ദിവസേന 40,000 മുതൽ 45,000 വരെ പുതിയ ഉപയോക്താക്കളാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഒൻപതാം സ്ഥാനത്തും ആപ്പിൾ ആപ്പ് സ്റ്റോറിൽ പതിമ്മൂന്നാം സ്ഥാനത്തുമാണ് ഭാരത് ടാക്സി.

സ്വകാര്യവാഹനങ്ങളുടെ എണ്ണംകുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്രം 'ഭാരത് ടാക്‌സി' ആരംഭിച്ചത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും കീഴിലാണ് 'ഭാരത് ടാക്‌സി' പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവയുടെ സേവനം ഭാരത് ടാക്സിയിൽ ലഭിക്കും.2025 നവംബർ മാസത്തിലാണ് ഭാരത് ടാക്സിയുടെ പരീക്ഷണയോട്ടം ആരംഭിച്ചത്. ന്യൂഡൽഹിയിലായിരുന്നു പരീക്ഷണം. പിന്നീട് രാജ്യത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളിൽക്കൂടി സേവനം ലഭ്യമാക്കുകയായിരുന്നു. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളാകും ഏർപ്പെടുത്തുക.

ഡ്രൈവർമാർക്ക് ഓഹരിയുടമകളാകാൻ അവസരം നൽകുന്ന രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സേവനമാണെന്നതാണ് ഭാരത് ടാക്സിയുടെ പ്രത്യേകത.യാത്രക്കൂലിവർധന, മോശം വാഹനങ്ങൾ, ഡ്രൈവർമാരുടെ മോശം പെരുമാറ്റം തുടങ്ങി മറ്റ് ഓൺലൈൻ ടാക്സി പ്ളാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നത് കണക്കിലെടുത്താണ് ഈ ഉദ്യമം.

  • Share This Article
Drisya TV | Malayalam News