കുറഞ്ഞ താപനിലയായ മൂന്നുഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ നല്ലതണ്ണിയിൽ രേഖപ്പെടുത്തി.പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി. തണുപ്പ് ആസ്വദിക്കുന്നതിനായി ഉത്തരേന്ത്യയിൽനിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെങ്കിലും, പിന്നീട് വർധിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മൂന്നുഡിഗ്രിയിലേക്ക് താഴ്ന്നത്. മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനുതാഴെയെത്തുമെന്നാണ് കരുതുന്നത്.