അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി ബോധവൽക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിന് അനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിനു കുറിച്ചു നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.