അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിനു മുന്നോടിയായി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കും. ഇതിനുള്ള നടപടികൾ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ അകവും പുറവും പെയ്ന്റ് ചെയ്യുന്ന ജോലികൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. പെയ്ന്റിങ് ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്.
സ്റ്റേഡിയത്തിലെ പൊളിഞ്ഞ സീറ്റുകൾ മാറ്റും. വിഐപി ലോഞ്ചിലെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുന്ന ചുമതല സ്പോൺസർമാർക്കായിരിക്കും. ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സാണു വിഐപി ലോഞ്ച് നവീകരിച്ചത്. ടർഫിലും നവീകരണം ആവശ്യമാണെങ്കിലും മത്സരത്തിന് ഒരു മാസം മുൻപു മാത്രമേ ഇതു തുടങ്ങൂ. ടർഫിലെ പുല്ല് വെട്ടിയ ശേഷം ആവശ്യമായ രീതിയിൽ വളർത്തിയെടുക്കും.
അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗം പ്രതിനിധി ഹെക്‌ടർ ഡാനിയേൽ കബ്രേര കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ടർഫിനു പുറമേ ഫ്ലഡ്ലൈറ്റ്, സീറ്റുകൾ എന്നിവ മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണു സ്‌റ്റേഡിയത്തിലെ നവീകരണം നടപ്പാക്കുക.