കഴിഞ്ഞ ദിവസം നടന്ന അണ്ടർ 19 ലോകകപ്പ് ക്വാളിഫയറിൽ കാനഡ കളി തീർത്തത് അഞ്ച് പന്തുകളിലാണ്. അർജന്റീനയ്ക്കെതിരേയാണ് കാനഡയുടെ തകർപ്പൻ ജയം.മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത അർജന്റീന അണ്ടർ -19 ടീം 23 റൺസിന് പുറത്തായി. 19.4 ഓവർ മാത്രമാണ് ടീം ബാറ്റുചെയ്തത്. ടീമിലെ ഒരു താരവും രണ്ടക്കം കടന്നിരുന്നില്ല. ഏഴുപേർ പൂജ്യത്തിന് പുറത്താകുകയും ചെയ്തു. കാനഡയ്ക്കായി ജഗ്മൻദീപ് പോൾ ആറുവിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡയാകട്ടെ ഞെട്ടിച്ചു. ഇന്നിങ്സ് ഓപ്പൺ ചെയ്ത നായകൻ യുവ്രാജ് സമ്ര അടിച്ചുതകർത്തു. രണ്ട് വീതം ഫോറുകളും സിക്സറുകളും അടക്കം താരം 20 റൺസെടുത്തു. മറ്റൊരു ഓപ്പണർ ധർമ് പട്ടേൽ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് എക്സ്ട്രാ റണ്ണും ചേർന്നതോടെ അഞ്ചുപന്തിൽ കളികഴിഞ്ഞു.