Drisya TV | Malayalam News

കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ

 Web Desk    9 Aug 2025

അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഒരു സ്പോർട്സ് ലേഖകനോട് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് കൊമേർസ്യൽ ആൻഡ് മാർക്കറ്റിങ് ഓഫീസറായ ലിയാൻഡ്രോ പീറ്റേഴ്സണാണ് പ്രതികരണം നടത്തിയത്. പണമടച്ചിട്ടും അർജന്റീന ടീം വരാൻ തയ്യാറായില്ലെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഒരു സ്പോർട്സ് ലേഖകൻ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് കൊമേർസ്യൽ ആൻഡ് മാർക്കറ്റിങ് ഓഫീസറായ ലിയാൻഡ്രോ പീറ്റേഴ്സണുമായ നടത്തിയ ആശയവിനിമയത്തിന്റെ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തിൽ എത്താനാവില്ലെന്ന് അറിയിച്ചത് കരാർ ലംഘനമല്ലേ എന്ന് പീറ്റേഴ്സനോട് മാധ്യമപ്രവർത്തകൻ ചോദിച്ചു. എന്നാൽ അത് ശരിയല്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ ഏതുതരത്തിലുള്ള കരാർ ലംഘനമാണ് കേരള സർക്കാർ നടത്തിയതെന്ന കാര്യം ഈ സന്ദേശത്തിൽ വ്യക്തമല്ല.

മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ അർജന്റീനാ ഫുട്ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയിരുന്നുവെന്നാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഈ വർഷം അർജന്റീന കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. അടുത്തവർഷം സെപ്റ്റംബറിൽ കളിക്കാനെത്തുമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. ഈവർഷം എത്തുന്നുണ്ടെങ്കിലേ മത്സരം സംഘടിപ്പിക്കാൻ താത്പര്യമുള്ളൂ. കരാർ റദ്ദാകുന്നത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകും. കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.

2025-ൽ മെസ്സിയെയും അർജന്റീനിയൻ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അർജന്റീനൻ ഫുട്ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അർജന്റീനൻ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച നടത്തിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറയുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News