ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി, പാകിസ്താനൊപ്പം നിലകൊണ്ടതിനു പിന്നാലെ തുർക്കിയിലെ സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു). ദേശീയ സുരക്ഷ മുൻനിർത്തിയാണ് തുർക്കിയിലെ ഇനോനു സർവകലാശാലയുമായുണ്ടാക്കിയ കരാർ റദ്ദാക്കിയത്.
ദേശീയ സുരക്ഷ പരിഗണിച്ച് തുർക്കി സർവകലാശാലയുമായുള്ള ധാരണാപത്രം (എംഒയു) താത്കാലികമായി റദ്ദാക്കിയെന്ന് ഡൽഹി സർവകലാശാല സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ജെഎൻയു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഇരു സർവകലാശാലകളും തമ്മിൽ കരാർ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി രണ്ടുവരെ, മൂന്നുവർഷത്തേക്കായിരുന്നു കരാർ കാലാവധി. നിലവിലെ പശ്ചാതലത്തിൽ മൂന്നര മാസത്തിനിടെത്തന്നെ കരാർ റദ്ദായി.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായുള്ള ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ തുർക്കി പാകിസ്താനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ ലക്ഷ്യമാക്കി പാകിസ്താൻ തൊടുത്തുവിട്ട ഡ്രോണുകൾ തുർക്കിയുടേതാണെന്നാണ് റിപ്പോർട്ട്. ഇവ ഇന്ത്യ നിർവീര്യമാക്കി. പാക് സൈന്യത്തിന് തുർക്കിയിൽനിന്ന് വിദഗ്ധോപദേശം ലഭിച്ചെന്നും വിവരങ്ങളുണ്ട്. ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ടർക്കിഷ് മാധ്യമമായ ടിആർടി വേൾഡിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ നിരോധിക്കുകയും ചെയ്‌തു. ടർക്കിഷ് ഉത്പന്നങ്ങളും സേവനങ്ങളും ഇന്ത്യയിൽ ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.