Drisya TV | Malayalam News

സംസ്ഥാനത്ത് അംഗീകൃതമല്ലാത്ത മുഖലേപനങ്ങളും ക്രീമുകളും വിൽപന നടത്തുന്നതിനെതിരേ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

 Web Desk    22 Nov 2026

സംസ്ഥാനത്ത് അംഗീകൃതമല്ലാത്ത മുഖലേപനങ്ങളും ക്രീമുകളും വിൽപന നടത്തുന്നതിനെതിരേ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഓൺലൈൻ വഴി ലഭിക്കുന്നതും നിർമ്മാണ വിവരങ്ങൾ വ്യക്തമല്ലാത്തതുമായ മുഖലേപനങ്ങളും ക്രീമുകളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം ക്രീമുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം സൗന്ദര്യം വർധിക്കില്ല. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ പരിശോധനകളും ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അറിയിച്ചു.

നിറം വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ച് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തി.

മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്‌ടപ്പെടുന്ന അവസ്ഥയായിരുന്നു. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതെങ്ങനെ ഉണ്ടായെന്നറിയാൻ ക്രീം ടെസ്റ്റിന് അയച്ചപ്പോഴാണ് ക്രീമിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവെച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News