ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപിലേക്കുള്ള പ്രവേശനവിലക്ക് സ്ഥിരമാക്കാനും റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം തടയാനും പുതിയ നിയമനിർമാണവുമായി പ്രസിഡന്റ് മുഹമ്മദ് മുയിസു. ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് നവംബർ ഒൻപതിന് നടത്തിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
2025 ഏപ്രിൽ മുതൽ ഇസ്രായേൽ പാസ്പോർട്ടുള്ളവർക്ക് മാലദ്വീപിൽ പ്രവേശനവിലക്ക് നിലവിലുണ്ട്. ഈ വിലക്കിന് സ്ഥിരമായ നിയമപരിരക്ഷ നൽകുന്നതിനായി ഇമിഗ്രേഷൻ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലും, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള മറ്റൊരു ബില്ലുമാണ് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇരട്ട പൗരത്വമുള്ള ഇസ്രായേലികൾക്കും പുതിയ നീക്കം ബാധകമാകും. ഇസ്രായേൽ പാസ്പോർട്ടിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ച് ഇവർക്ക് മാലദ്വീപിൽ പ്രവേശിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പാർലമെന്റ് പാസാക്കുന്ന നിയമത്തിലെ വ്യവസ്ഥകളാകും നിർണായകമാവുക. എന്നാൽ, മറ്റൊരു പാസ്പോർട്ടിൽ രാജ്യത്ത് പ്രവേശിച്ചാലും ഇസ്രായേൽ പൗരന്മാർക്കോ അവർക്ക് നേരിട്ടോ അല്ലാതെയോ ഉടമസ്ഥതയുള്ള കമ്പനികൾക്കോ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താനോ ഭൂമിയുടെ പാട്ടാവകാശം സ്വന്തമാക്കാനോ കഴിയില്ല. മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ടോ കമ്പനികളോ മറയാക്കി നിയന്ത്രണങ്ങൾ മറികടക്കുന്നത് തടയാൻ നിക്ഷേപകരുടെ പൗരത്വവും തിരിച്ചറിയൽ വിവരങ്ങളും കർശനമായി പരിശോധിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
റാസ്മാലെ ദ്വീപിൽ ആഡംബര ഹോട്ടലുകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടുന്ന വൻകിട വികസന പദ്ധതികൾക്കായി വിദേശ നിക്ഷേപം ആകർഷിക്കാൻ മാലദ്വീപ് ശ്രമിക്കുന്നതിനിടെയാണ് ഈ കർശന നിയന്ത്രണങ്ങൾ വരുന്നത്. നിലവിൽ രണ്ട് ബില്ലുകളും പാർലമെന്റിന്റെ പരിഗണനയിലാണുള്ളത്. പുതിയ ബില്ലുകൾ പാർലമെന്റിൽ പാസായി നിയമം പ്രാബല്യത്തിൽ വന്നാൽ ഇസ്രായേൽ പൗരന്മാർക്കും ഇസ്രായേൽ ബന്ധമുള്ള നിക്ഷേപകർക്കും മാലദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ഫലസ്തീൻ വിഷയത്തിൽ മാലദ്വീപ് സ്വീകരിക്കുന്ന നിലപാടിന്റെ തുടർച്ചയായാണ് ഈ നിയമനീക്കവും ശ്രദ്ധ നേടുന്നത്.