2,200-ലധികം ട്രെയിനുകളെ പരിഷ്കരിച്ച പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിലേക്ക് (PRS) മാറ്റി റെയിൽവേ മന്ത്രാലയം. 40 വർഷം പഴക്കമുള്ള പഴയ റിസർവേഷൻ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് ട്രെയിനുകളെ പുതിയ സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികൾ റെയിൽവേ ആരംഭിച്ചത്.
2026 ഒക്ടോബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 2,200-ലധികം ട്രെയിനുകളെ പുതിയ പിആർഎസ് സംവിധാനത്തിലേക്ക് മാറ്റിക്കഴിഞ്ഞതായി റെയിൽവേ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ 'ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ഈ നവീകരിച്ച സംവിധാനം വികസിപ്പിച്ചെടുക്കുന്നത്.
കൂടുതൽ ട്രെയിനുകളുടെ റിസർവേഷൻ ഒരൊറ്റ സംവിധാനത്തിന് കീഴിൽ വരുന്നതോടെ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാകും. പഴയ സാങ്കേതികവിദ്യയ്ക്ക് പകരം പുതിയ സംവിധാനം വരുന്നതോടെ ടിക്കറ്റ് എടുക്കുന്നതും ക്യാൻസൽ ചെയ്യുന്നതും ചാർട്ട് തയ്യാറാക്കുന്നതുമെല്ലാം കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടക്കും.റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് പിആർഎസ്. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും മാറ്റാനും റദ്ദാക്കാനും സീറ്റ് അലോക്കേഷൻ, വെയിറ്റിംഗ് ലിസ്റ്റുകൾ, ആർഎസി സ്റ്റാറ്റസ്, റിസർവേഷൻ ചാർട്ടുകൾ, മറ്റ് അന്വേഷണങ്ങൾ എന്നിവ ഇതിലൂടെ അറിയാൻ സാധിക്കും.