മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി നെടുമങ്ങാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനിതാ കമ്മിഷൻ അംഗമായിരുന്നു. വയോജന കമ്മിഷൻ അംഗമായിരുന്നു. ദീർഘകാലം സിപിഎം അംഗമായിരുന്ന രാധ, പാർട്ടി മുഖപത്രമായ 'ദേശാഭിമാനി'യുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.വനിതാ കമ്മീഷൻ അംഗമെന്ന രീതിയിൽ സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഏറെ പ്രവർത്തിച്ചിട്ടുണ്ട്. രാധയുടെ വിയോഗ വാർത്ത സിപിഎം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അടക്കമുള്ള പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ എന്നതിലുപരി എഴുത്തുകാരി കൂടിയാണ് ഇ.എം. രാധ. 'മകളുടെ ഓർമ്മയിൽ ഇ.എം.എസ്' എന്ന പുസ്‌തകത്തിലൂടെ പൊതുജനങ്ങൾക്ക് അറിയാത്ത ഇ.എം.എസിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമെല്ലാം വളരെ ലളിതമായി പറയുന്നതായിരുന്നു ഈ പുസ്തകം.ഭർത്താവ്: സി.കെ. ഗുപ്‌തൻ. മകൻ: സിദ്ധാർഥ് ഗുപ്‌തൻ. സഹോദരങ്ങൾ: പരേതരായ ഡോ. മാലതി ദാമോദരൻ, ഇ എം ശ്രീധരൻ, എസ് ശശി.