Drisya TV | Malayalam News

സീറ്റ് ബെൽറ്റ് ധരിക്കാത്തതിരുന്ന സൈനിക ഡ്രൈവർക്ക് ചലാൻ നൽകിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

 Web Desk    22 Nov 2026

അസമിലെ ജോർഹട്ട് ജില്ലയിൽ റോഡ് സുരക്ഷാ പരിശോധനക്കിടെസീറ്റ് ബെൽറ്റ് ധരിക്കാത്തതിരുന്ന സൈനിക ഡ്രൈവർക്ക് ചലാൻ നൽകിയ സംഭവം വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചു. നവംബർ 18-ന് നടന്ന ഈ സംഭവത്തിനിടെ ഉദ്യോഗസ്ഥയും സൈനികനും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ താൽക്കാലികമായി ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. സൈനികർക്കുണ്ടായ ബുദ്ധിമുട്ടിലും വിഷമത്തിലും ജില്ലാ ഭരണകൂടം ഖേദം പ്രകടിപ്പിച്ചു.

ജോർഹട്ട് നഗരത്തിലെ എ.ടി റോഡിലുള്ള ഇന്റർ-സ്റ്റേറ്റ് ബസ് ടെർമിനലിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തുകയായിരുന്നു. ലിച്ചുബാരിയിലെ ജോർഹട്ട് മിലിട്ടറി സ്റ്റേഷനിലെ 41 സബ്-ഏരിയയുമായി ബന്ധപ്പെട്ട ഒരു സൈനിക ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. മറ്റൊരു ജൂനിയർ സൈനികനും ഒപ്പമുണ്ടായിരുന്നുവെന്നും ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്നുവെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമീം സുൽത്താന സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നാരോപിച്ച് ഡ്രൈവർക്ക് ചലാൻ നൽകുകയായിരുന്നു.

ഡ്രൈവിങ് ലൈസൻസ് ഹാജരാക്കാത്തതിനല്ല പിഴ ചുമത്തിയതെന്ന് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ ധനഞ്ജയ് സൈകിയ വ്യക്തമാക്കി. സൈനികർക്ക് സൈനിക വാഹനങ്ങൾ ഓടിക്കാൻ സൈനിക ലൈസൻസ് അനുവദനീയമാണെങ്കിലും സാധാരണ സിവിൽ വാഹനങ്ങൾ ഓടിക്കാൻ അത് സാധുതയുള്ളതല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ചലാൻ നൽകിയതിന് പിന്നാലെ വാഹനത്തിന് മുന്നിൽ നിൽക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതോടെ തർക്കം രൂക്ഷമായതായാണ് വിവരം.

സൈനിക ഡ്രൈവറോട് ചോദ്യം ചെയ്യുന്നതിനിടെ എം.വി.ഐയുടെ ഭാഗത്തുനിന്ന് അൽപ്പം പരുഷമായ പെരുമാറ്റമുണ്ടായതായി ഉദ്യോഗസ്ഥ സമ്മതിച്ചു. ഇതിനെത്തുടർന്നാണ് അവരെ ചുമതലയിൽ താൽകാലികമായി നിന്ന് മാറ്റിനിർത്തിയത്. ഇതൊരു താൽക്കാലിക നടപടി മാത്രമാണെന്നും സ്ഥിരമായ സസ്പെൻഷനോ പിരിച്ചുവിടലോ അല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാധാരണ മനുഷ്യസഹജമായ പിരിമുറുക്കങ്ങൾക്കും ആശയവിനിമയത്തിലെ പാളിച്ചകൾക്കും അപ്പുറം ഇരുവിഭാഗവും തമ്മിലുള്ള സൗഹാർദ്ദമാണ് പ്രധാനമെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ നൽകാൻ ശ്രമിച്ചത്.

സൈനികരെ അപമാനിക്കാനോ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താനോ യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജോർഹട്ട് ജില്ലാ ഭരണകൂടം പിന്നീട് ഖേദം പ്രകടിപ്പിച്ചു. തൊട്ടടുത്ത ഗോലാഘട്ട് ജില്ലയിൽ നവംബർ 13-ന് 26 പേരുടെ ജീവൻ അപഹരിച്ച വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ വാഹനപരിശോധന കർശനമാക്കാൻ നിർദ്ദേശിച്ചത്. ലിച്ചുബാരിയിലെ ഹെഡ്ക്വാർട്ടേഴ്സ് 41 സബ്-ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിങിന്റെ നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗത്തിലും ഈ വിഷയം ചർച്ച ചെയ്തു. സിവിൽ ഭരണകൂടവും സൈനിക വിഭാഗവും തമ്മിൽ കൂടുതൽ മികച്ച ഏകോപനവും പരസ്പര വിശ്വാസവും ധാരണയും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. രാജ്യത്തിന് സൈന്യം നൽകുന്ന സേവനങ്ങളെ ആദരിക്കുന്നതായും സൈന്യത്തോടുള്ള ബഹുമാനം നിലനിർത്തുമെന്നും ഭരണകൂടം ആവർത്തിച്ചു.

  • Share This Article
Drisya TV | Malayalam News