Drisya TV | Malayalam News

വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വിന്യാസം കുറക്കാൻ കേന്ദ്ര സർക്കാർ

 Web Desk    17 Nov 2026

രാജ്യത്തെ വിമാനത്താവളങ്ങളിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥരുടെ വിന്യാസം കുറക്കാൻ കേന്ദ്ര സർക്കാർ നീക്കം. ആയുധങ്ങൾ ആവശ്യമില്ലാത്ത ചുമതലകളിലേക്ക് സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) പുറത്തിറക്കിയ പുതുക്കിയ വിമാനത്താവള സുരക്ഷാ മാർഗനിർദേശങ്ങൾ പ്രകാരമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ദൈനംദിന സുരക്ഷാ പരിശോധനകൾ ഉൾപ്പെടെയുള്ള ആയുധരഹിത ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികൾ ഘട്ടംഘട്ടമായി ഏറ്റെടുക്കും.

അതേസമയം, വിമാനത്താവളങ്ങളിലെ പ്രധാന സുരക്ഷാ ചുമതലകൾ സിഐഎസ്എഫ് തന്നെ തുടർന്നും നിർവഹിക്കുമെന്ന് ഉദ്യോഗസ്ഥർ അടിവരയിട്ടു. ആയുധധാരികളായുള്ള സുരക്ഷ, വിമാനത്താവളത്തിന്റെ ചുറ്റുമതിൽ സംരക്ഷണം, മൊബൈൽ പട്രോളിങ്, നിരീക്ഷണം, ഇന്റലിജൻസ് പ്രവർത്തനങ്ങൾ, ദ്രുതകർമ സേന (ക്വിക്ക് റെസ്പോൺസ് ടീം) എന്നിവയുടെ ചുമതല സിഐഎസ്എഫിനായിരിക്കും. ആയുധം ആവശ്യമില്ലാത്ത ജോലികൾക്ക് മാത്രമാണ് സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത്.നിലവിൽ രാജ്യത്തെ 119 വിമാനത്താവളങ്ങളിൽ 74 എണ്ണത്തിന്റെയും സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്. ശേഷിക്കുന്ന 45 വിമാനത്താവളങ്ങളിൽ സംസ്ഥാന പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News