ഭാര്യയെ നായയെ വിട്ടു കടിപ്പിച്ചതിന് ഭർത്താവിനെതിരെ കേസ്. കുടുംബവഴക്കിനെത്തുടർന്നായിരുന്നു വീട്ടമ്മയെ ഭർത്താവ് ക്രൂരമായി മർദിക്കുകയും ‘പിറ്റ്ബുൾ’ ഇനത്തിൽപ്പെട്ട വളർത്തുനായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്തത്. സംഭവത്തിൽ ഭർത്താവിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. കരിങ്ങാതുരുത്ത് മുണ്ടുപാലം അറയ്ക്കപാടത്ത് വീട്ടിൽ ജോസഫ് സുനിലി (57നെതിരെയാണ് കേസ്.
ബിഎൻഎസിലെ വിവിധ വകുപ്പുകൾക്കൊപ്പം ഭർത്താവിനെതിരെ 118 (1) വകുപ്പു കൂടി പൊലീസ് ചുമത്തി. മൂർച്ചയുള്ള ആയുധങ്ങൾ, തീ, വിഷം, മൃഗങ്ങൾ, അപകടകരമായ മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ഒരാളെ മനഃപൂർവം പരുക്കേൽപ്പിക്കുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വഴക്കിനിടയിൽ ജോസഫ് സുനിൽ ഭാര്യയുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇതറിഞ്ഞ് സുനിലിനോട് ചോദിച്ചു. ഇതേച്ചൊല്ലി വീട്ടിൽ വീണ്ടും തർക്കമുണ്ടായി. ഹാളിൽ വച്ച് സുനിൽ ഭാര്യയുടെ മൂക്കിൽ കൈകൊണ്ട് ഇടിച്ചു. മുടിക്ക് പിടിച്ച് ഭിത്തിയിൽ ഇടിപ്പിച്ച് പരുക്കേൽപ്പിച്ചു. ഇതിനുപിന്നാലെയാണ്, വീട്ടിൽ വളർത്തിയിരുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് ഭാര്യയുടെ വലത് കൈയുടെ വിരലിന് താഴെയായി കടിപ്പിച്ചത്.