സർക്കാരിന്റെ മദ്യനയത്തിന് അന്തിമരൂപമായി. കരട് റിപ്പോർട്ട് എക്സൈസ് വകുപ്പ് ഉടൻ സർക്കാരിന് കൈമാറും. ഇടതുസർക്കാരിന്റെ മദ്യനയത്തിൽനിന്ന് കാതലായ മാറ്റമുണ്ട്. പുതിയ ബാറുകളും ബെവ്കോ ഔട്ലറ്റുകളും തുറക്കേണ്ടെന്നതാണ് നയത്തിലെ പൊതുനിലപാട്. കർഷകർക്ക് കള്ളുഷാപ്പ് അനുവദിക്കാമെന്ന നിർദേശമുണ്ടെന്നാണ് വിവരം.വീര്യംകുറഞ്ഞ മദ്യത്തിന് അനുമതിനൽകുന്ന കാര്യം യു.ഡി.എഫ്. ഉപസമിതി നിർദേശംകൂടി പരിഗണിച്ചശേഷം അന്തിമമാക്കും. ബാറുകളുടെയും ബെവ്കോ ഔട്ലറ്റുകളുടെയും പ്രദേശമടക്കം അടയാളപ്പെടുത്തിയ കണക്ക് കരട് മദ്യനയത്തിനൊപ്പം മുഖ്യമന്ത്രിക്ക് നൽകും. പുതിയവ അനുവദിക്കേണ്ടെന്ന നയം അംഗീകരിക്കുന്നത് ഈ കണക്കുകൂടി പരിഗണിച്ചാകും.
നിശ്ചിത എണ്ണം തെങ്ങും ചെത്തിന് തൊഴിലാളികളുമുള്ള കർഷകർക്കായിരിക്കും സ്വകാര്യഷാപ്പ് തുടങ്ങാൻ അനുമതി നൽകുക. ഫാം ടൂറിസം, കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കൽ എന്നിവ കണക്കിലെടുത്താണിത്. ചെത്തുന്ന തെങ്ങ്, എടുക്കാവുന്ന കള്ള് എന്നിവയെല്ലാം കണക്കാക്കി ഈ ഷാപ്പുകൾക്ക് പ്രത്യേക മാനദണ്ഡം കൊണ്ടുവരാമെന്നാണ് കരടുനയ ചർച്ചയിലുയർന്ന നിർദേശം.ഇത്തരം ഷാപ്പുകളുടെ നടത്തിപ്പ് കൈമാറുന്ന സാഹചര്യവും അതിനെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥയും പിന്നീട് തയ്യാറാക്കും.
നിലവിലെ ബെവ്കോ ഔട്ലറ്റുകൾ നവീകരിക്കണമെന്ന നിർദേശവും നയത്തിലുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഇവ മാറ്റിസ്ഥാപിക്കാൻ പങ്കാളിത്തം സഹകരണസംഘങ്ങളുടെ ഉറപ്പാക്കാമെന്നാണ് നിർദേശം. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടം നിയന്ത്രിക്കാനുള്ള നിർദേശവും നയത്തിലുണ്ടാകും. ഇക്കാര്യത്തിൽ ബാറുകൾക്ക് ഉത്തരവാദിത്വം നിശ്ചയിക്കും.