Drisya TV | Malayalam News

ലോകമെമ്പാടുമുള്ള 170-ലധികം ബ്രാൻഡുകളുടെ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

 Web Desk    17 Nov 2026

സൂം, ബിബിസി, സിഎൻഎൻ, എച്ച്എസ്ബിസി, ഇക്വിഫാക്സ് തുടങ്ങിയ കമ്പനികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളിൽ മാൽവെയർ ആക്രമണം. ലോകമെമ്പാടുമുള്ള 170-ലധികം ബ്രാൻഡുകളുടെ വെബ്സൈറ്റുകളിൽ അപകടകരമായ ജാവാസ്ക്രിപ്റ്റ് കോഡുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഉപയോക്താക്കളുടെ ക്രിപ്റ്റോ വാലറ്റ് വിലാസങ്ങൾ മാറ്റുക, ബാങ്ക് കാർഡ് വിവരങ്ങൾ മോഷ്ടിക്കുക, സ്ക്രീൻഷോട്ടുകൾ എടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ കോഡുകൾ ഉപയോഗിച്ചതെന്നാണ് വിവരം.

സൈബർ സുരക്ഷാ സ്ഥാപനമായ റിപ്പോർട്ട് യുആർഐ (Report URI) ആണ് സംഭവം പുറത്തുവിട്ടത്. ഒപ്റ്റിമൈസ്ലി വെബ് (Optimizely Web) എന്ന വെബ് ടെസ്റ്റിങ് പ്ലാറ്റ്ഫോം വഴിയാണ് ഈ ജാവാസ്ക്രിപ്റ്റ് കോഡുകൾ വെബ്സൈറ്റുകളിൽ എത്തിയതെന്നാണ് റിപ്പോർട്ട്. വെബ്സൈറ്റുകളുടെ വിവിധ പതിപ്പുകൾ പരീക്ഷിച്ച് ഉപയോക്താക്കളുടെ പ്രതികരണം വിലയിരുത്താൻ സഹായിക്കുന്ന എഐ അധിഷ്ഠിത എ ടു ബി ടെസ്റ്റിങ് സംവിധാനമാണ് ഒപ്റ്റിമൈസ്ലി. ഇതിനുപുറമെ, മറ്റു ചില പരസ്യ സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകളുടെ എൻഡ്പോയിന്റുകൾ വഴിയും അപകടകരമായ സ്ക്രിപ്റ്റുകൾ എത്തിയതായി സൈബർ സുരക്ഷാ ഇന്റലിജൻസ് സ്ഥാപനമായ മല്ലോറി (Mallory) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

നിലവിൽ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, നവംബർ 16-ന് ഏകദേശം ഒൻപത് മണിക്കൂറിനുള്ളിൽ 7,040 ഡോളർ ആക്രമണകാരികളുടെ ക്രിപ്റ്റോ വാലറ്റുകളിലേക്ക് എത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.ആക്രമണത്തിൻറെ ഭാഗമായുണ്ടായ നഷ്ടത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവന്നിട്ടില്ല.

  • Share This Article
Drisya TV | Malayalam News