തമിഴ്നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിൽ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്കുള്ള ബസിൽനിന്നാണ് നിഷാന്തിനെ പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും നിഷാന്തിൻ്റെ പിതാവ് സുരേഷിനെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ബസിൽ യാത്ര ചെയ്യുകയായിരുന്ന നിഷാന്തിനെ അധിയമാൻകോട്ട പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസ് അടുത്തെത്തിയതറിഞ്ഞ പ്രതി ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്ത് പുതുതായി തുറന്ന തനിഷ്ക് ഷോറൂമിൽ നവംബർ 12-ന് പുലർച്ചെയായിരുന്നു കവർച്ച. കവർച്ചയ്ക്ക് മുൻപ് നിഷാന്ത് ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തി സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസ് കണ്ടെത്തി. പുതിയ ഷോറൂം ആയതിനാൽ പൂർണമായ ലോക്കർ സംവിധാനം സജ്ജമായിരുന്നില്ല. കൂടാതെ, രാത്രികാലങ്ങളിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും പ്രതിക്ക് തുണയായി. കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് വഴി ടെറസിലെത്തിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെ അകത്തുകടന്നാണ് ആഭരണങ്ങൾ കവർന്നത്.
ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ ഒരു കാലിവളർത്തുകാരൻ നൽകിയ നിർണായക വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. മാടക്കുളത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ ആറ് കിലോ സ്വർണവും വജ്രാഭരണങ്ങളും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.