ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിനിടയിലും പതറാതെ പോരാടിയ പൈലറ്റ് സ്മിത്ത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി പേരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്റെ ധീരതയെ മോദി പ്രശംസിച്ചു. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വിഡിയോ കോളിലാണ് മോദി സ്മിത്തുമായി സംസാരിച്ചത്. നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ഛാർ ആക്രമണത്തെ പറ്റി മോദിയോട് മനസ്സു തുറന്നു.
‘‘ഞാൻ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. അപ്പോൾ ധൈര്യം കാണിച്ചില്ലെങ്കിൽ 170 യാത്രക്കാർക്ക് ജീവൻ നഷ്ടമാകുമെന്ന് എനിക്ക് മനസ്സിലായി’’– മച്ഛാർ പറഞ്ഞു. സംഭാഷണത്തിനിടെ മച്ഛാർ വികാരഭരിതനായി.‘‘അങ്ങ് എന്റെ ആരാധ്യ പുരുഷനാണ്. ഇങ്ങനെ എന്നെ വിളിച്ച് പ്രോത്സാഹിപ്പിക്കുമ്പോൾ അഭിമാനം തോന്നുന്നു. ആക്രമണത്തിൽ എനിക്ക് മുറിവേറ്റു. എന്നാൽ തളരാതെ പോരാടണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ആ നിമിഷം ഞാൻ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞാൻ വീണുപോയിരുന്നു. പക്ഷേ എഴുന്നേറ്റില്ലെങ്കിൽ മരിച്ചുപോകുമെന്ന് മനസ്സിലായി.
17 വർഷത്തിലേറെയായി വിമാനം പറത്തുന്നുണ്ട്. കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനാണ്. അതുകൊണ്ട് തന്നെ കണ്ണടച്ചാൽ പോലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. ആ അവസാന ശ്രമം നടത്തണമെന്ന് എനിക്കറിയാമായിരുന്നു. കോക്പിറ്റ് വാതിൽ തുറക്കാൻ ഞാൻ എന്നെത്തന്നെ നിർബന്ധിച്ചു. അത് തുറന്നപ്പോഴാണ് മറ്റുള്ളവർ അകത്തേയ്ക്ക് കയറിയത്. സംഭവിച്ചതിൽ എല്ലാവർക്കും തുല്യപങ്കുണ്ട്’’. ആക്രമണമുണ്ടായ സമയത്ത് താൻ ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നെന്നും ഹനുമാൻ സ്വാമി തനിക്ക് ധൈര്യം നൽകിയെന്നും അദ്ദേഹം മോദിയോട് പറഞ്ഞു.