Drisya TV | Malayalam News

ഗാന്ധിജയന്തി ദിനമായ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിപുലീകരിച്ച സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്യും

 Web Desk    2 Oct 2026

ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിപുലീകരിച്ച ‘വെട്രി പയനം’ സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതിപ്രകാരം ഒക്റ്റോബർ 2 മുതൽ തമിഴ്നാട്ടിലുടനീളം സർക്കാർ സർവീസ് നടത്തുന്ന 12,692 ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും പൂർണമായും സൗജന്യമായി യാത്ര ചെയ്യാം.ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്‍റെ പേരിൽ നിന്നാണ് ‘വെട്രി പയനം’ എന്ന പദ്ധതിയുടെ പേര് സ്വീകരിച്ചിരിക്കുന്നത്. ‘വിജയകരമായ യാത്ര’ എന്നാണ് ഇതിന്‍റെ അർഥം.

നേരത്തെ സാധാരണ നഗര ബസുകളിൽ മാത്രമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പിന്നീട് കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്ത് മേഖലകളിലും മലയോര മേഖലകളിലുമുള്ള എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് ബസ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വരുമാനപരിധിയോ പ്രതിദിന യാത്രകളുടെ എണ്ണത്തിന് പരിധിയോ ഉണ്ടായിരിക്കില്ല. പദ്ധതി വിപുലീകരിക്കുന്നതിലൂടെ പ്രതിദിനം ഏകദേശം 84 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമെന്നും 16 ലക്ഷത്തിലധികം യാത്രകൾ സാധ്യമാകുമെന്നും സർക്കാർ അറിയിച്ചു.സാമ്പത്തിക തടസങ്ങളില്ലാതെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള സ്ത്രീകൾക്ക് യാത്രാ സൗകര്യം ലഭ്യമാക്കുകയും സാമൂഹിക നീതി ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News