മുംബൈയിലെ ശിവാജി പാർക്കിൽ തന്നെ സി.ജെ.പി സമരം നടക്കുമെന്ന് വ്യക്തമാക്കി അഭിജീത് ദീപ്കെ.സി.ജെ.പിയുടെ സമരത്തെ പ്രദേശവാസികൾ പ്രതിഷേധിക്കുമെന്ന വാദത്തെ ദീപ്കെ തള്ളി.'ഒരു പ്രദേശവാസിയും ഞങ്ങളുടെ പ്രതിഷേധത്തെ എതിർക്കുന്നില്ല. ശിവാജി പാർക്ക് ഒരു നിശബ്ദമേഖലയാണെങ്കിൽ എങ്ങനെയാണ് മുഖ്യമന്ത്രി അവിടെ റാലികൾ നടത്തുന്നത്', ദീപ്കെ ചോദിച്ചു.ബുധനാഴ്ച ഗതാഗത തടസവും താമസക്കാരുടെ സുരക്ഷയും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് അനുമതി നൽകരുതെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിട്ടില്ല. ശിവാജി പാർക്കിൽ പൊതുപരിപാടികൾ നടത്താൻ അനുമതി തേടിയുള്ള ഹരജികളിൽ ബോംബെ ഹൈക്കോടതിയാണ് തീരുമാനമെടുക്കുന്നത്. നഗരത്തിലെ പ്രതിഷേധങ്ങൾക്കായി നിയുക്ത സ്ഥലം ആസാദ് മൈതാനമാണ്. കോടതിയെ സമീപിച്ചോ എന്ന് ചോദിച്ചപ്പോൾ കോടതിയിൽ നടപടികൾ നീണ്ട് പോകുമെന്നാണ് ദീപ്കെ മറുപടി പറഞ്ഞത്.ഗ്യാനേഷ് കുമാർ ദേശദ്രോഹിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും വ്യാഴാഴ്‌ച നടന്ന പത്രസമ്മേളനത്തിൽ ദീപ്കെ പറഞ്ഞിരുന്നു.
വോട്ടുകൾ നീക്കം ചെയ്തതോടെ വലിയൊരു വിഭാഗം ആളുകൾ ദുരിതത്തിലായെന്നും പലർക്കും തെരുവിലിറങ്ങേണ്ടി വരുമെന്നും ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ അവർ നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുമെന്നും ദീപ്കെ പറഞ്ഞു.മറൈൻ ഡ്രൈവിൽ പ്ലക്കാർഡുകളുമായി മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് വ്യാജവാർത്തയാണെന്ന് സി.ജെ.പി നേതാവ് അശുതോഷ് റങ്ക വ്യക്തമാക്കി.ശിവാജി പാർക്കിൽ ആരംഭിക്കുന്ന പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് പറഞ്ഞു.