Drisya TV | Malayalam News

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം

 Web Desk    19 Sep 2026

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം. പലോമ മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജപ്പാൻ ചക്രവർത്തി നറുഹിതോ ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.ചടങ്ങിൽ ചക്രവർത്തി നറുഹിതോയോടൊപ്പം അദ്ദേഹത്തിന്റെ പത്നി മസാകോ, കിരീടാവകാശി പ്രിൻസ് അക്കിഷിനോ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഐച്ചി പ്രവിശ്യാ ഗവർണർ ഒമുറ ഹിഡെആക്കി കായികതാരങ്ങളെയും കാണികളെയും അഭിസംബോധന ചെയ്‌തു. കൈക്കോ ടോഡ അവതരിപ്പിച്ച ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെയും ആകാശത്ത് 'ബ്ലൂ ഇംപൾസ്' വിമാനങ്ങളുടെ പ്രദർശനത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

മാർച്ച് പാസ്റ്റിൽ ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവൻ സെഹ്രാവത്തുമാണ് ഇന്ത്യൻ പതാകയേന്തിയത്. അഫ്ഗാനിസ്താൻ ആദ്യ ടീമായി അണിനിരന്ന മാർച്ച് പാസ്റ്റിൽ ബംഗ്ലാദേശ്, ചൈന, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷമാണ് ഇന്ത്യ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്.അതേസമയം ഔദ്യോഗിക ജേഴ്സിയും കിറ്റുകളും ലഭിക്കാൻ വൈകിയതിനെ തുടർന്ന് ചില ഇന്ത്യൻ അത്ലറ്റുകൾക്ക് മാർച്ച് പാസ്റ്റിൽ പൂർണ്ണമായി പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കിറ്റ് വിതരണ ചുമതല ജെ.എസ്.ഡബ്ല്യു സ്പോർട്സിന് നൽകിയിരുന്നെങ്കിലും വിതരണത്തിലുണ്ടായ വീഴ്‌ച കാരണം തജീന്ദർപാൽ സിങ്ങിന് പകരം പവൻ സെഹ്രാവത്തിനെ പതാകവാഹകനായി അവസാന നിമിഷം തിരഞ്ഞെടുക്കുകയായിരുന്നു.ഇത്തവണ 36 കായിക ഇനങ്ങളിലായി 503 കായികതാരങ്ങളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News