വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന കാരണത്താൽ ബാങ്കുകൾക്കും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കും (എൻബിഎഫ്സി) വാഹനങ്ങൾ ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാനാകില്ലെന്ന് സുപ്രീം കോടതി. വാഹന റീപൊസഷൻ ഉൾപ്പെടെയുള്ള വായ്പാ തിരിച്ചുപിടിത്ത നടപടികൾ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ നടത്താവൂ എന്ന് വ്യക്തമാക്കിയ കോടതി, നിലവിലുള്ള ആർബിഐ മാർഗനിർദേശങ്ങളും മാസ്റ്റർ സർക്കുലറുകളും ബാങ്കുകളും എൻബിഎഫ്സികളും യഥാർഥത്തിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും റിസർവ് ബാങ്കിനോട് നിർദേശിച്ചു.ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് ആരാധെയും അടങ്ങിയ ബെഞ്ചാണ് സെപ്റ്റംബർ 16ന് നിർണായക വിധി പുറപ്പെടുവിച്ചത്.
വായ്പ തിരിച്ചുപിടിക്കാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ അവകാശം അംഗീകരിക്കുമ്പോഴും അത് നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ബലപ്രയോഗം, വഞ്ചന, നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനം എന്നിവയിലൂടെ വാഹനത്തിന്റെ കൈവശപ്പെടുത്തൽ അനുവദനീയമല്ലെന്നാണ് വിധിയുടെ പ്രധാന നിലപാട്.
കേസിലെ ഹർജിക്കാരൻ 2019ൽ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിൽ നിന്ന് വാണിജ്യ വാഹനമായ ട്രക്കിനായി വായ്പയെടുത്തിരുന്നു. വാഹനമായിരുന്നു വായ്പയുടെ ഈട്. 2021ൽ അനുബന്ധ വായ്പയും അനുവദിച്ചു.വായ്പ തിരിച്ചടവിൽ വീഴ്ച വന്നതിനെ തുടർന്ന് കമ്പനി 2022ൽ ഒരിക്കൽ വാഹനം തിരിച്ചുപിടിച്ചിരുന്നു. തുടർന്ന് ഭാഗികമായി പണം അടച്ചതോടെ വാഹനം വിട്ടുനൽകി. പിന്നീട് വീണ്ടും തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് 2023ൽ വിവാദമായ സംഭവം നടന്നത്.
ഹർജിക്കാരന്റെ മൊഴിപ്രകാരം, 2023 ഏപ്രിൽ 9ന് പുലർച്ചെ ഒരു മണിയോടെ നാലുപേർ വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് തകർത്ത് ട്രക്ക് ഓടിച്ചുകൊണ്ടുപോയി. വാഹനം മോഷണം പോയതാണെന്ന് കരുതി അദ്ദേഹം അതേദിവസം ഇ-എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് സൂപ്രണ്ടിനും പരാതി നൽകി. എന്നാൽ കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ഹർജിക്കാരന്റെ പരാതി. പിന്നീട് കമ്പനിയുടെ നിയമനോട്ടീസിലൂടെയാണ് വാഹനം കമ്പനി തിരിച്ചുപിടിച്ച് വിൽപ്പന നടത്തിയ വിവരം അദ്ദേഹം അറിഞ്ഞത്.2023 ഓഗസ്റ്റ് 31ന് വാഹനം 4.50 ലക്ഷം രൂപയ്‌ക്ക് വിറ്റതായും, വിൽപ്പനയ്‌ക്ക് ശേഷവും തുക കുടിശികയുണ്ടെന്നും കമ്പനി അറിയിച്ചതായി സുപ്രീം കോടതി രേഖപ്പെടുത്തി.
വാഹനം തിരിച്ചുപിടിക്കുന്നതിന് മുമ്പ് ഹർജിക്കാരന് ആവശ്യമായ ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയിരുന്നില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. പുലർച്ചെ വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് തകർത്ത് പിടിച്ചെടുത്ത നടപടി സമാധാനപരമായ റീപൊസഷൻ അല്ലെന്നും കോടതി വ്യക്തമാക്കി.
വായ്പാ കരാറിൽ റീപൊസഷൻ വ്യവസ്ഥയുണ്ടെന്നത് മാത്രം ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് നിയമത്തിന് പുറത്തുള്ള രീതിയിൽ വാഹനം പിടിച്ചെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കരാറിലെ റീപൊസഷൻ ക്ലോസിനും ഇന്ത്യൻ കോൺട്രാക്ട് ആക്ട്, 1872 ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾക്കും ആർബിഐയുടെ മാർഗനിർദേശങ്ങൾക്കും അനുസൃതമായിരിക്കണം നടപടികളെന്നും കോടതി നിരീക്ഷിച്ചു.
ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും വായ്പാ തിരിച്ചുപിടിത്ത നടപടികളെക്കുറിച്ച് ആർബിഐ വർഷങ്ങളായി മാർഗനിർദേശങ്ങളും മാസ്റ്റർ സർക്കുലറുകളും വ്യക്തതകളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.വായ്പ തിരിച്ചുപിടിക്കുന്നതിനിടെ കടം വാങ്ങുന്നവരെ അനാവശ്യമായി ഉപദ്രവിക്കരുത്, അസമയങ്ങളിൽ നിരന്തരം ബന്ധപ്പെടുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യരുത്, റിക്കവറി ഏജന്റുമാരുടെ പ്രവർത്തനം നിയന്ത്രിക്കണം തുടങ്ങിയ വ്യവസ്ഥകൾ ഇതിലുണ്ട്. വാഹന റീപൊസഷൻ, ഉപഭോക്തൃ സ്വകാര്യത, പരാതി പരിഹാരം, റിക്കവറി ഏജന്റുമാരുടെ പരിശീലനം എന്നിവയും ആർബിഐയുടെ വിവിധ നിർദേശങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ രണ്ടു പതിറ്റാണ്ടിലേറെയായി ഇത്തരം മാർഗനിർദേശങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ “കടലാസിൽ മാത്രം നിലനിൽക്കുന്ന” സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കുകളും എൻബിഎഫ്സികളും അവ യഥാർഥത്തിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആർബിഐയോട് നിർദേശിച്ചു. വിധിയുടെ പകർപ്പ് ആർബിഐക്ക് അയയ്‌ക്കാനും കോടതി രജിസ്ട്രിക്ക് നിർദേശം നൽകി.