Drisya TV | Malayalam News

സംസ്ഥാനത്ത് എ.ഐ കാമറകളുടെ പ്രവർത്തനം കെൽട്രോൺ നിർത്തി വെച്ചു

 Web Desk    18 Sep 2026

സംസ്ഥാന സർക്കാർ പണം നൽകാത്തതിനെ തുടർന്ന് ഗതാഗത നിയമ ലംഘനം കണ്ടെത്തുന്നതിനുള്ള എ.ഐ കാമറകളുടെ പ്രവർത്തനം കെൽട്രോൺ നിർത്തി വെച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലെ ഇന്‍റർനെറ്റ് കണക്ഷനുകളും വിച്ഛേദിച്ചിരിക്കുകയാണ്. വാഹന ഉടമകൾക്ക് ചെലാനുകൾ അയക്കുന്നതും നിലച്ചിട്ടുണ്ട്.

2023ലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 762 എ.ഐ കാമറകൾ സ്ഥാപിച്ചത്. മൂന്ന് മാസം കൂടുമ്പോൾ 11 കോടി രൂപ റോഡ് സുരക്ഷാ വിഭാഗം കെൽട്രോണിന് നൽകണമെന്നായിരുന്നു പദ്ധതി തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ധാരണ. എന്നാൽ 60 കോടി രൂപയാണ് നിലവിൽ കെൽട്രോണിന് ലഭിക്കാനുള്ളത്.

പണം ലഭിക്കാതെ വന്നതോടെ നിയമ ലംഘനത്തിന് ചെലാനുകൾ അയക്കുന്നത് കെൽട്രോൺ ആദ്യം തന്നെ നിർത്തി. കുടിശിക കൂടിയതോടെ കാമറകളുടെ വൈദ്യുതി കണക്ഷനുകളും പൂർണമായും നിർത്തുകയായിരുന്നു. ഇതിനു പുറമെ ഓഫിസുകളിലെ കംപ്യൂട്ടറുകളിൽ സുരക്ഷക്ക് വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറിന്‍റ ലൈസൻസ് പുതുക്കാത്തത് കാരണം ഇന്‍റർനെറ്റ് കണക്ഷനുകളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

  • Share This Article
Drisya TV | Malayalam News