ജനന-മരണ രജിസ്ട്രേഷനിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ പുതിയതായി കൊണ്ടുവന്ന ഭേദഗതികൾ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാവും. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം-2026 ഇതോടെ നിലവിൽ വരുമെന്ന് ഇന്ത്യാ രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു. ഒരു വർഷം വൈകി നടുത്തുന്ന രജിസ്ട്രേഷനുകൾക്ക് വരെ കർശന നിബന്ധനകൾ ചുമത്തിയാണ് വിജ്ഞാപനം.
ജനനമരണ രജിസ്ട്രേഷനുകൾ നടത്തുന്നത് ഏതെങ്കിലും കാരണവശാൽ ഒരു വർഷം വൈകിയാൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (DM), സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (SDM) അല്ലെങ്കിൽ ഇതേ അധികാര പരിധിയിൽ ചുമതലപ്പെടുത്തപ്പെട്ടവർ ഇവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തണം. പരിശോധന നടത്തി ഉറപ്പിച്ചതായുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലത്തിലുള്ള ഉത്തരവ് ആവശ്യമാണ്. ഇതിനു പുറമെ നിശ്ചിത ഫീസും നൽകണം.
രണ്ടു വർഷത്തിൽ അധികം വൈകിയാൽ കൂടുതൽ കർശനമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണ്. ഇനി മുതൽ ഇത്തരം അപേക്ഷകളിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഉണ്ടായാൽ മാത്രമേ രജിസ്ട്രേഷൻ അനുവദിക്കയുള്ളൂ.രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാൻ എന്ന പേരിലാണ് കേന്ദ്ര സർക്കാർ നിയമം പുതുക്കിയത്.രജിസ്ട്രേഷൻ പ്രക്രിയ ജുഡീഷ്യൽ സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടാണ് ഭേദഗതി കൊണ്ടുവന്നത്.ഈ നിയമപ്രകാരം നൽകുന്ന ജനന മരണ സർട്ടിഫിക്കറ്റുകൾ ഒരു വ്യക്തിയുടെ നിയമപരമായ തിരിച്ചറിൽ രേഖയും വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള പ്രഥമിക തെളിവുമാകും.