Drisya TV | Malayalam News

ഒമാനിൽ പുതിയ ലഹരിമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ

 Web Desk    12 Sep 2026

ഒമാനിൽ പുതിയ ലഹരിമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ. ചില ഗുരുതര കേസുകളിൽ വധശിക്ഷയും ജീവപര്യന്തം തടവും ഉൾപ്പെടെയുള്ള ശിക്ഷകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ലഹരിമരുന്ന് കടത്ത്, കള്ളക്കടത്ത്, കൈവശംവയ്ക്കൽ, വ്യക്തിഗത ഉപയോഗം എന്നിവയ്ക്ക് കടുത്ത ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.

ലഹരിമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ വിതരണത്തിനായി ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപാദിപ്പിക്കുക, നിർമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് തടവിനൊപ്പം 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും.

കുറ്റം ആവർത്തിച്ച് ചെയ്യുക, ഔദ്യോഗിക അധികാരം, ലൈസൻസ്, നിയമപരമായ പരിരക്ഷ എന്നിവ ദുരുപയോഗം ചെയ്യുക, നിയമപരമായ ശേഷിയില്ലാത്തതോ കുറഞ്ഞ ശേഷിയുള്ളതോ ആയ വ്യക്തിയെ ഉപയോഗപ്പെടുത്തുക, രാജ്യാന്തര ലഹരിമരുന്ന് കടത്ത് സംഘങ്ങളുമായി സഹകരിക്കുകയോ അവയിൽ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയവയ്ക്ക് വധശിക്ഷ ബാധകമാകും.

വിതരണത്തിനായി ലഹരിമരുന്ന് കൈവശംവയ്ക്കുക, കൊണ്ടുപോകുക, വിൽക്കുക, കൈമാറുക, വിതരണം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും ലഭിക്കും.

വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ക്യാംപുകൾ, ജയിലുകൾ തുടങ്ങിയ സംരക്ഷിത മേഖലകളിലോ അവയുടെ പരിസരത്തോ ഇത്തരം കുറ്റകൃത്യങ്ങൾ നടന്നാൽ ശിക്ഷ ജീവപര്യന്തം തടവായി ഉയർത്താം. നിയമപരമായ ശേഷിയില്ലാത്തതോ കുറഞ്ഞ ശേഷിയുള്ളതോ ആയ വ്യക്തിക്ക് ലഹരിമരുന്ന് നൽകുന്നതും ഗുരുതര കുറ്റമായി പരിഗണിക്കും.

വ്യക്തിഗത ഉപയോഗത്തിനായി ലഹരിമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ കൈവശംവയ്ക്കുക, സ്വന്തമാക്കുക, വാങ്ങുക, ഉൽപാദിപ്പിക്കുക, നിർമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 1,000 മുതൽ 5,000 റിയാൽ വരെ പിഴയും ലഭിക്കും.

അതേസമയം, ചികിത്സയ്ക്കായി സ്വമേധയാ അധികൃതരെ സമീപിക്കുന്ന ലഹരിമരുന്ന് ഉപയോക്താവിനെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യില്ല. നിയമത്തിൽ അംഗീകരിച്ച അടുത്ത ബന്ധു ചികിത്സയ്ക്കായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന സാഹചര്യത്തിലും ക്രിമിനൽ കുറ്റം ചുമത്തില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

  • Share This Article
Drisya TV | Malayalam News