കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന "ഒപ്പം പദ്ധതി" വിപുലീകരിക്കാൻ ഭക്ഷ്യവിതരണ വകുപ്പ്. ഗുണഭോക്താക്കളുടെ എണ്ണം കൂട്ടി ഭക്ഷ്യവിതരണം കൂടുതൽ കാര്യക്ഷമമാക്കും. കിടപ്പ് രോഗികൾക്ക് വീട്ടിൽ റേഷൻ എത്തിക്കുക എന്നത് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നതാണ്.ഓട്ടോറിക്ഷ തൊഴിലാളികൾ അടക്കമുള്ളവരുടെ സഹായത്തോടെ റേഷൻ വീട്ടിലെത്തിക്കുന്ന പരിപാടി നടപ്പിലാക്കാനണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ സന്നദ്ധ സംഘടനകളുടെയും സഹായം തേടും. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാൻ കഴിയുമെങ്കിൽ ആ നിലയ്ക്കും നടപ്പാക്കും.
കിടപ്പു രോഗികകളില്‍ സഹായം ആവശ്യമുള്ളവരായി നിലവിൽ 2669 പേരെയാണ് തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നത്. 23968 പേരാണ് ആകെ കിടപ്പു രോഗികളുള്ളതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇവരിൽ റേഷൻ കടയിൽ എത്താൻ ഒരു വഴിയുമില്ലാത്തവരായി 2669 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ഒപ്പം പദ്ധതിയിൽ കോഴിക്കോട് ജില്ലയില്‍ മാത്രം 427 ഗുണഭോക്താക്കളുണ്ട്. തിരുവനന്തപുരത്ത് 183 ഗുണഭോക്താക്കളുണ്ട്. കോട്ടയത്ത് 66 പേർ. കൊല്ലം 321, പത്തനംതിട്ട 73, ആലപ്പുഴ 203, ഇടുക്കി 211, എറണാകുളം 184, തൃശ്ശൂർ 231, പാലക്കാട് 172, മലപ്പുറം 342, വയനാട് 77, കണ്ണൂർ 92, കാസർകോട് 87 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.