മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്നു മൃതദേഹഭാഗങ്ങൾ എടുത്തു ഭക്ഷിച്ച സ്ത്രീ അറസ്റ്റിൽ. ലേഡി അഘോരി എന്ന് സ്വയം വിളിക്കുന്ന കാളി നന്ദ് ഗിരിയെയാണ് ഉജ്ജയിൻ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തുന്ന ചിതയിൽനിന്ന് വാൾ കൊണ്ട് മൃതദേഹത്തിന്റെ ഭാഗങ്ങൾ കുത്തിയെടുത്ത് കാളി നന്ദ് ഗിരി ഭക്ഷിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവർ തന്നെയാണ് വിഡിയോ പകർത്തിയതും. അതേസമയം, കാളി നന്ദ് ഗിരിയുടെ പ്രവൃത്തിക്കെതിരെ സന്യാസിമാർ അടക്കമുള്ളവരുടെ വിമർശനങ്ങളുമുയരുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ജൂന അഖാരയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി പറഞ്ഞു.
ശ്മശാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഷ്ണു മഹാരാജ് എന്നയാൾ നൽകിയ പരാതിയിലാണ് കാളി നന്ദ് ഗിരിയെ അറസ്റ്റ് ചെയ്തത്. ശ്മശാനത്തിലേക്ക് അതിക്രമിച്ചു കയറി, സംസ്കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തി, മൃതദേഹത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, കാളി നന്ദ് ഗിരി പുരുഷനായാണ് ജനിച്ചതെന്നും അല്ലൂരി ശ്രീനിവാസ് എന്നായിരുന്നു ഇയാളുടെ യഥാർഥ പേരെന്നുമാണ് പുറത്തുവരുന്ന വിവരം. പിന്നീട് ഇവർ ട്രാൻസ്ജെൻഡർ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ ഇവർ മതപരമായ സ്ഥലങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും റീൽസ് ചെയ്യാറുണ്ട്. താന്ത്രിക ചടങ്ങുകളുടെ പേരിൽ തെലങ്കാനയിലെ ഒരു സ്ത്രീയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും ഇവർക്കെതിരെ ഉണ്ടെന്നും ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്നും പോലീസ് പറഞ്ഞു.