അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭജീത് ദിപ്കെയ്ക്കെതിരെയും മറ്റുള്ളവർക്കെതിരെയും കേസെടുത്ത് മഹാരാഷ്ട്ര പോലീസ്. ദിപ്കെയ്ക്കും പാർട്ടി പ്രവർത്തകനായ അജിങ്ക്യ ഷിൻഡെയ്ക്കും മറ്റ് സിജെപി പ്രവർത്തകർക്കും എതിരെയാണ് മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഔസ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലാത്തൂർ ജില്ലയിലെ ഔസയ്ക്കടുത്തുള്ള ജാവലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ് എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർചെയ്തത്.
ഭാരതീയ ന്യായ സംഹിത പ്രകാരം, സർക്കാർ ജീവനക്കാരൻ്റെ ഔദ്യോഗിക ചുമതല തടസ്സപ്പെടുത്തൽ, അതിക്രമിച്ചു കടക്കൽ, ഭീഷണി, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ദിപ്കെക്കും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇവർ വിദ്യാർത്ഥികൾക്കൊപ്പം ഇരിക്കുകയും സ്കൂളിന്റെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇത് സ്കൂളിലെ വിദ്യാഭ്യാസപരവും ഔദ്യോഗികവുമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നാണ് പരാതിയിലെ ആരോപണം.
സന്ദർശനത്തിന്റെയും വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിന്റെയും ദൃശ്യങ്ങൾ സിജെപി നേതാവ് വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതായും പരാതിയിൽ പറയുന്നു. തന്റെ സന്ദർശനവേളയിൽ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ടുവന്ന് ക്ലാസ് മുറികളിൽ ഇരുത്തിയിരിക്കുകയാണെന്ന് അവകാശപ്പെട്ട് ഉറുദു സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ദിപ്കെ ശ്രമിച്ചതായും ആരോപണമുണ്ട്.
അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ആരംഭിച്ച 'സ്കൂകൂൾ തീക് കരോ' (സ്കൂൾ നന്നാക്കൂ) കാമ്പയിന്റെ ഭാഗമായാണ് കോക്രോച്ച് ജനതാ പാർട്ടി അംഗങ്ങൾ സർക്കാർ സ്കൂകൂളുകളിൽ സന്ദർശനം നടത്തുന്ന പരിപാടി ആരംഭിച്ചത്.