ഹോർമുസ് കടലിടുക്കിനെ പുതിയ യുഎസ് ഭൂപ്രദേശം ആയി ചിത്രീകരിക്കുന്ന ഭൂപടം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വീണ്ടും പങ്കുവെച്ചു. ഓഗസ്റ്റ് 18നും ട്രംപ് ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഓഗസ്റ്റ് 15നാണ് യുഎസ് പ്രസിഡന്റ് ആദ്യമായി പറഞ്ഞത്. ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാനും യുഎസും അവകാശപ്പെടുന്നുണ്ട്.
ഹോർമുസ് കടലിടുക്കിൽ കൂടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളിലെ നാവികർ കടുത്ത ദുരിതത്തിലാണെന്നു വിവിധ മാരിടൈം ഏജൻസികൾ അറിയിച്ചു. ഒരുവശത്ത് യുഎസ് സേനയും മറുവശത്ത് ഇറാൻ സൈന്യവും ഉപരോധം ഏർപ്പെടുത്തിയതോടെ നൂറിലേറെ കപ്പലുകളാണു ഹോർമുസിൽ യാത്രാനുമതി കാത്തുകിടക്കുന്നത്. കടലിൽ നാവികർ കടുത്ത ശാരീരിക, മാനസിക പ്രശ്നങ്ങളാണു നേരിടുന്നത്. ആക്രമണഭീഷണിക്കൊപ്പം കപ്പലിലെ അവശ്യവസ്തുക്കൾ തീരുന്നതും ഗുരുതരപ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.