Drisya TV | Malayalam News

വാണിയംകുളത്തുനിന്ന് കാണാതായ കുടുംബത്തിനായി തിരച്ചിൽ കർണാടകയിലും

 Web Desk    15 Jul 2026

വാണിയംകുളത്തു നിന്ന് 6 ദിവസം മുൻപു കാണാതായ മൂന്നംഗ കുടുംബത്തെ പൊലീസ് കർണാടകയിലും തിരയുന്നു. ഇവർ സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം മലപ്പുറത്തു നാടുകാണി ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാടുകാണി കഴിഞ്ഞു കർണാടകയിലേക്കു പോകുമ്പോൾ വാഹനത്തിൽ മൂന്നു പേരുണ്ടായിരുന്നുവെന്നും തിരിച്ചെത്തി വാഹനം ഉപേക്ഷിക്കുമ്പോൾ മകൻ വിഷ്ണു മാത്രമായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എങ്ങോട്ടു പോയെന്നും അച്ഛനും അമ്മയും എവിടെയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. നിലവിലുള്ള അന്വേഷണസംഘത്തിനു പുറമേ പുതിയൊരു സംഘം കൂടി രൂപീകരിച്ചിട്ടുണ്ട്.

വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണു കാണാതായത്. വീട്ടിൽ നിന്നു വ്യാഴാഴ്ച പുലർച്ചെ പിക്കപ് വാഹനം പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ വീടിനു സമീപത്താണു ലഭിച്ചത്.

ബന്ധുക്കളുടെ പരാതി ലഭിച്ച ഉടൻ എസ്ഐ കെ.പി.അശ്വിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, സിവിൽ പൊലീസ് ഓഫിസർ സുജി ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ സംഘം നിലവിൽ മൈസൂരു കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്.

  • Share This Article
Drisya TV | Malayalam News