ഏകികൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലിവ്-ഇൻ പങ്കാളികൾക്ക് കടുത്ത നിയന്ത്രണവുമായി മധ്യപ്രദേശ് സർക്കാർ. പങ്കാളികൾ തങ്ങളുടെ ബന്ധം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന യുസിസിയുടെ കരട് സംസ്ഥാനം തയ്യാറാക്കി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ നിയമ മാതൃകകൾ വിശദമായി പരിശോധിച്ച ശേഷമാണ് മധ്യപ്രദേശ് ഈ നിർണായക നീക്കത്തിലേക്ക് കടക്കുന്നത്. പുതിയ നിയമപ്രകാരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന പ്രായപൂർത്തിയായ യുവതി-യുവാക്കൾ ജില്ലാ രജിസ്ട്രാറെ സമീപിച്ച് പ്രായവും വിലാസവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.
നിർദിഷ്ട നിയമ പ്രകാരം രജിസ്റ്റർ ചെയ്യാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയാണ് നിയമത്തിന്റെ കരടിൽ നിർദേശിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത ലിവ് -ഇൻ പങ്കാളികളെ കുറിച്ച് അയൽകാർക്കോ വീട്ടുടമസ്ഥർക്കോ പോലീസിൽ പരാതിപ്പെടാനുള്ള പ്രത്യേക വ്യവസ്ഥയും കരടിലുണ്ട്. ഇത്തരം പങ്കാളികളുടെ വിവരങ്ങൾ പ്രാദേശിക പോലീസ് സ്റ്റേഷനിനുള്ളിൽ സൂക്ഷിക്കുകയും പങ്കാളികളിൽ ഒരാൾക്ക് 21 വയസ്സിൽ താഴെ ആണെങ്കിൽ ഇവരുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്യും. പിന്നീട് വേർപിരിയുകയാണെങ്കിൽ വിവാഹമോചനത്തിന് സമാനമായി ഔദ്യോഗികമായി രജിസ്ട്രേഷൻ റദ്ദാക്കണം. അതേസമയം ലിവ് -ഇൻ പങ്കാളി ഉപേക്ഷിച്ചാൽ സ്ത്രീക്ക് ജീവനാംശം ഉറപ്പാക്കുന്ന വ്യവസ്ഥയും കരട് നിയമത്തിലുണ്ട്.
വ്യത്യസ്ത പാരമ്പര്യങ്ങളുള്ള ഗോത്രവർഗ വിഭാഗങ്ങളെ ഈ നിയമത്തിൽ നിന്ന് തുടക്കത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ലിവ് -ഇൻ ബന്ധങ്ങളെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമായി ഇതോടെ മധ്യപ്രദേശ് മാറും. 2024ൽ യുസിസി പാസാക്കിയ ഉത്തരാഖണ്ഡ് 2025 -ന്റെ തുടക്കത്തിലാണ് ഇത് പ്രാബല്യത്തിൽ വരുത്തിയത്. തൊട്ടുപിന്നാലെലൈ 2025ൽ ഗുജറാത്തും, 2026ൽ അസമും സമാനമായ നിയമങ്ങൾ കൊണ്ടുവന്നിരുന്നു . ഈ സംസ്ഥാനങ്ങളിലെല്ലാം ലിവ് -ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് ജീവനാംശം ഉറപ്പാക്കാനും ഈ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ വിവാഹത്തിൽ ജനിക്കുന്ന കുട്ടുകൾക്ക് തുല്യമായ സ്വത്തവകാശം നൽകാനുമുള്ള ശക്തമായ വ്യവസ്ഥകൾ ഉൾപെടുത്തിയിട്ടുണ്ട്.