ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ജൂലൈ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോണിപ്പത്ത് റൂട്ടിലായിരിക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. മലിനീകരണം ഏറ്റവും കുറഞ്ഞ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിന്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചതാണ്.
ജിന്ദ് മുതല്‍ സോണിപ്പത്ത് വരെ ഏകദേശം 90 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവില്‍ ഡീസല്‍ ട്രെയിനുകള്‍ക്ക് രണ്ടു മണിക്കൂര്‍ വരെ വേണ്ടിവരുന്ന ഈ ദൂരം ഹൈഡ്രജന്‍ ട്രെയിന്‍ ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍. യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന രീതിയില്‍ അഞ്ചു രൂപ മുതല്‍ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരേസമയം ഏകദേശം 2,500 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകുന്ന ശേഷിയുമുണ്ട്. 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ട്രെയിനിന്റെ പ്രധാന സവിശേഷത. ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രക്രിയയിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രീതിയിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുക. ഇതിന്റെ ഫലമായി നീരാവിയും ചൂടും മാത്രമാണ് പുറത്തുവിടുക, കാര്‍ബണ്‍ പുറന്തള്ളല്‍ ഉണ്ടാകില്ല. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ ഏകദേശം 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.
സുരക്ഷാ സംവിധാനങ്ങള്‍ക്കും ട്രെയിനില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. 27 ഹൈഡ്രജന്‍ സിലിണ്ടറുകള്‍, ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്താനുള്ള സംവിധാനങ്ങള്‍, ഫയര്‍ ഡിറ്റക്ടറുകള്‍, അത്യാധുനിക കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ എന്നിവ ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലഖ്‌നോവിലെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) രൂപകല്‍പ്പന ചെയ്ത ട്രെയിന്‍ നിര്‍മിച്ചത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ്. ഏകദേശം 89 കോടി രൂപ ചെലവിലാണ് ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതി വിജയകരമായാല്‍ ഭാവിയില്‍ കൂടുതല്‍ റൂട്ടുകളിലേക്കും ഹൈഡ്രജന്‍ ട്രെയിനുകള്‍ വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി.