Drisya TV | Malayalam News

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവ്

 Web Desk    7 Jul 2026

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലവിലില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ ഉത്തരവ് പുറപ്പെടുവിച്ചത്.

നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിലാണ് സി.ജെ.പിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കിരുന്നു. എന്നാൽ, ജൂൺ 21ന് പരീക്ഷ വിജയകരമായി പൂർത്തിയായ സാഹചര്യത്തിൽ ബ്ലോക്ക് ചെയ്യാനുള്ള കാരണങ്ങൾ ഇപ്പോൾ പ്രസക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടത്.

നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ മെയ് മാസത്തിൽ എക്സ് അധികൃതർ സി​.ജെ.പിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഒരു അംഗീകൃത ഏജൻസിയിൽ നിന്ന് ലഭിക്കുന്ന നിയമാനുസൃതമായ നിർദേശപ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് എക്സിന്റെ വിശദീകരണം. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ട് തുറന്ന് പാർട്ടി പ്രവർത്തനം തുടരുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News