കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടർന്ന് യു എസ് കമ്പനി കോറോ ഹെൽത്ത്.ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. ജീവനക്കാർക്ക് പിന്തുണയുമായി എഐടിയുസി നേതാക്കളും ഓഫീസിൽ എത്തിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ചയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്‌മെന്റ് അറിയിക്കുകയുമായിരുന്നു. ആശങ്കയിലായ ജീവനക്കാർ വിവരം എംഎൽഎ അടക്കമുള്ളവരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ജില്ലാ ലേബർ ഓഫീസർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ഇടപെട്ടത്. പിന്നാലെ തുടർചർച്ചകൾക്കായി പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ സെക്രട്ടറി തലത്തിൽ തിങ്കളാഴ്ച കമ്പനി പ്രതിനിധികളും ജീവനക്കാരുമായി ഒത്തുതീർപ്പ് ചർച്ച നിശ്ചയിച്ചിരുന്നു.
കമ്പനി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് മുതൽ രണ്ടര മാസത്തെ ശമ്പളം 'നഷ്ടപരിഹാരം' എന്ന പേരിൽ നിക്ഷേപിച്ചിരുന്നു. ഈ തുക കൈപ്പറ്റുന്നതോടെ കമ്പനിക്കെതിരെ ഭാവിയിൽ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ജീവനക്കാർക്ക് നഷ്ടപ്പെടുമെന്ന നിബന്ധനയോടെയാണ് ഈ തുക നൽകിയിരിക്കുന്നത്. പുതിയ ലേബർ കോഡ് അനുസരിച്ചാണ് തങ്ങളുടെ നടപടിയെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും, പുതിയ ലേബർ കോഡുകൾ പൂർണ്ണമായി പ്രാബല്യത്തിൽ വരാത്തതിനാൽ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് (1947) പ്രകാരം 300ൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.