തുടർച്ചയായ ആറാം ലോകകപ്പിലും കിരീടമില്ലാതെ മടങ്ങിയതിനു പിന്നാലെ ബ്രസീൽ ആരാധകരെ കണ്ണീരിലാഴ്ത്തി മറ്റൊരു വാർത്ത കൂടി. നോർവേയ്ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീലിയൻ ഇതിഹാസ താരം നെയ്മാർ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.
“ഞാൻ പരമാവധി ശ്രമിച്ചു. ഞാൻ ശ്രമിച്ചു നോക്കി. മെലൈഫ് സ്റ്റേഡിയത്തിൽ വച്ചാണ് എല്ലാം തുടങ്ങിയത്, ഇവിടെ വച്ച് തന്നെ ഞാനിത് അവസാനിപ്പിക്കുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞു.''-മത്സരത്തിന് ശേഷം നെയ്മാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളോടെ ബ്രസീൽ പുരുഷ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് കരിയർ അവസാനിപ്പിക്കുന്നത്. 2010ൽ രാജ്യാന്തര കരിയർ ആരംഭിച്ച നെയ്മാർ, നാല് ലോകകപ്പ് ടൂർണമെന്റുകളിൽ ബ്രസീലിനു വേണ്ടി കളിച്ചിട്ടുണ്ട്. രണ്ട് ഒളിംപിക് ടൂർണമെൻ്റുകളിലും പങ്കെടുത്ത താരം, 2012ൽ വെള്ളി മെഡൽ നേടുകയും 2016ൽ ബ്രസീലിനെ സ്വർണ മെഡലിലേക്ക് നയിക്കുകയും ചെയ്തു.
2026 ലോകകപ്പിൽ സബ്സ്റ്റിറ്റ്യൂട്ട് താരമായി രണ്ടു മത്സരങ്ങളിലാണ് 34 വയസ്സുകാരനായ നെയ്മാർ കളത്തിലിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ താരം, നോർവേയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പകുതിയിലും ഇറങ്ങി. ഇൻജറഴി ടൈമിൽ പെനൽറ്റിയിലൂടെ ടൂർണമെന്റിലെ തന്റെ ഏക ഗോളും സ്വന്തമാക്കി.