Drisya TV | Malayalam News

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണെന്നും കോടതി

 Web Desk    30 May 2026

പ്രതിപക്ഷ നേതാവ്  പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം വെറുമൊരു മർദനമല്ലെന്നും അത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാപരമായ സംവിധാനങ്ങൾക്കെതിരെയുള്ള ആക്രമണമാണ്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം എന്ന നിലയ്ക്കാണ് ഈ സംഭവത്തെ കാണുന്നതെന്നും മാധ്യമങ്ങളിലൂടെ പ്രതികളുടെ കുറ്റകൃത്യം കണ്ടതാണെന്നും കോടതി വ്യക്തമാക്കി.

ഈ ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്ത് നടന്നതല്ല, ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ നീക്കമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഇഷ്ടിക, കല്ല്, തടികഷ്ണങ്ങൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയ മാരകായുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചു എന്നത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥർ റെയ്‌ഡ് കഴിഞ്ഞ് തിരികെ വരികയായിരുന്നു എന്നതിനാൽ അവർ ഡ്യൂട്ടിയിലല്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഒരു ഓഫീസിൽനിന്ന് റെയ്ഡിന് ഇറങ്ങുന്നത് മുതൽ തിരികെ ഓഫീസിൽ എത്തുന്നതുവരെ ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ തന്നെയാണെന്ന് കോടതി വ്യക്തമാക്കി.ഈ കേസിലെ 26 പ്രതികളിൽ ആദ്യം അറസ്റ്റിലായ അഞ്ചു പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്.

സംഭവത്തിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്. അതേസമയം, അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് സമരത്തിനെത്തിയ പല പ്രവർത്തകരും ഒളിവിൽപോയിരിക്കുകയാണ്.

  • Share This Article
Drisya TV | Malayalam News