സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇ.ഡിയാണ് അക്കൗണ്ട് മരവിപ്പിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിന് പിന്നാലെയാണ് നടപടി. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി പറയുന്നു. പരിശോധനയില്‍ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ ബാങ്ക് എഫ്.ഡി എന്നിവ കണ്ടെത്തിയതായും ഇ.ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണ്. സി.എം.ആര്‍.എല്ലില്‍ നിന്നും പണംകൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇ.ഡി വ്യക്തമാക്കി.
മാസപ്പടി കേസില്‍ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിലടക്കം 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെ പരിശോധന എട്ടര മണിക്കൂറോളം നീണ്ടു. റെയ്ഡിന് പിന്നാലെ പ്രവര്‍ത്തകരെ കാണാന്‍ പിണറായി വിജയന്‍ നേരിട്ടെത്തി. ഇ.ഡിയെ ഒരുമിച്ച് നേരിടാമെന്ന് പിണറായി പറഞ്ഞു. കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡില്‍ ഒന്നും കണ്ടെത്തനായില്ലെന്ന് ഇഡി രേഖാമൂലം എഴുതി നല്‍കി.