ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെ കുറിച്ച് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഒമാന് കർശന മുന്നറിയിപ്പും ട്രംപ് നൽകി.ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുകിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ് കടലിടുക്ക്. ഞങ്ങൾ അതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും ട്രംപ് പറഞ്ഞു. അല്ലെങ്കിൽ ഒമാനെ തകർക്കുമെന്നും യു.എസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാനെതിരേയുള്ള നിലപാട് കടുപ്പിക്കുകയാണ് അമേരിക്ക. സമ്പൂഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിച്ചാൽ പോലും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകില്ലെന്ന് ട്രംപ് വ്യക്തമാക്കി. പിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആണവകരാറിന്റെ ഭാഗമായി ഇറാൻ യുറേനിയം കൈമാറിയാൽ അവർക്കെതിരേയുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നീക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും ഉപരോധങ്ങളിൽ യാതൊരു ഇളവും നൽകാൻ പോകുന്നില്ലെന്നുമാണ് ട്രംപ് മറുപടി പറഞ്ഞത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അമേരിക്കയുമായുള്ള കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഹോർമുസ് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം പഴയപടിയാക്കാനും മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കാനുമാണ് ഈ കരട് രേഖ ലക്ഷ്യമിടുന്നത്.