യുഎസ്–ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ നാളെ ഇസ്‌ലാമാബാദിൽ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ സാധ്യമായില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി.
‘ഇന്നലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിയുതിർത്തു. ഇത് വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണ്. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാൻ പറയുന്നത്. ഇത് വിചിത്രമാണ്. കാരണം, യുഎസ് ഉപരോധംമൂലം അത് ഇതിനകം തന്നെ അടഞ്ഞു കിടക്കുകയാണ്. ഇറാൻ അറിയാതെ തന്നെ അവർ യുഎസിനെ സഹായിക്കുകയാണ്. യുഎസ് വളരെ ന്യായവും യുക്തിസഹവുമായ കരാറാണ് വാഗ്ദാനം ചെയ്യുന്നത്. ഇറാൻ അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് തയാറായില്ലെങ്കിൽ ഊർജനിലയങ്ങളും പാലവും അമേരിക്ക തകർക്കും. ഇനി വിട്ടുവീഴ്ചയില്ല’–ട്രംപ് പറഞ്ഞു.