ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ കടുത്ത നിലപാടുമായി ഇടതുമുന്നണി. മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. ഭാര്യ പരസ്യമായി ഉന്നയിച്ച പരാതിയിൽ ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കൾ അറിയിച്ചത്. മന്ത്രിസ്ഥാനം രാജിവെക്കാൻ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. അതിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.മന്ത്രിയെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന നിലപാടാണ് സി.പി.ഐ.ക്ക്. ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. രണ്ടു പ്രശ്‌നങ്ങളാണ് സർക്കാരിനും മുന്നണിക്കും തലവേദനയായിമാറുന്നത്. ഗണേഷ് കുമാറിന്റെ പേഴ്‌സണൽ സ്റ്റാഫ് ഭാര്യയെ ബലമായി പിടിച്ചുനിർത്തുകയും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു.
രക്ഷിക്കണമെന്ന അപേക്ഷയുമായി അടിയന്തരസഹായ നമ്പറിൽ മന്ത്രിയുടെ ഭാര്യ വിളിച്ചതിനെത്തുടർന്നെത്തിയ പോലീസ് സംഘം ഒന്നും ചോദിക്കാതെ മടങ്ങിപ്പോയി. ഇതു രണ്ടും മന്ത്രിപദം ദുരുപയോഗം ചെയ്തതായും വീടിനുള്ളിൽ ഒരു സ്ത്രീ അതിക്രമത്തിനിരയായി എന്നതുമായുള്ള വാദം ബലപ്പെടുത്തും. കേസുവന്നാൽ, ഗണേഷ് നിർബന്ധമായും രാജിവെക്കേണ്ടിവരും.