നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ചു സർവേ നടത്തുന്നതു നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ്റ് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്‌റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
നവകേരള സിറ്റിസൻ റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ പാർട്ടി പ്രവർത്തകരെ ഉൾപ്പെടെ നിയോഗിച്ച് 20 കോടി രൂപ ചെലവിൽ നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം.ധനകാര്യ അനുമതിയില്ലാതെയും ബജറ്റ് വകയിരുത്തൽ ഇല്ലാതെയുമുള്ള നടപടി നിയമവിരുദ്ധമെന്ന വാദം അംഗീകരിച്ചാണു കോടതി നടപടി.