മൈസൂരു–ബെംഗളൂരു എക്‌സ്‌പ്രസ് വേയിൽ മാണ്ഡ്യയിലെ ഇന്ദുവാലുവിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ടു മരണം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ മൂന്നു പേരും സഞ്ചരിച്ച ജീപ്പ് ഒരു ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറിയാണ് അപകടം.
അരക്കിണർ മാത്തോട്ടം എടക്കണ്ടി പറമ്പ് പുത്തൻപുരയിൽ ഹൗസിൽ കെ.ബാസിൽ മുഹമ്മദ് അലി(22), കാറിലുണ്ടായിരുന്ന യുവതി എന്നിവരാണ് മരിച്ചത്. ഇതിൽ യുവതിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നല്ലളം അരീക്കാട് ഉറവൻകുളം നിയാസ് നിവാസിൽ പി.പി.ലിഫായിൻ മുഹമ്മദ് നിയാസിനെ(21) സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ അമിതഭാരവുമായി പോവുകയായിരുന്ന ടിപ്പർ ലോറി പിന്തുടർന്നെത്തിയ ആർടിഒ ഉദ്യോഗസ്ഥർ അതു തടഞ്ഞതോടെ പിന്നാലെ വന്ന ജീപ്പ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. എന്നാൽ ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. ജീപ്പിലുണ്ടായിരുന്ന ബാസിലും യുവതിയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. മൃതദേഹങ്ങൾ മാണ്ഡ്യയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മാണ്ഡ്യ റൂറൽ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.