Drisya TV | Malayalam News

തിരുപ്രംകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിഞ്ഞു

 Web Desk    28 Nov 2026

നിയമപോരാട്ടത്തിനും വിവാദങ്ങൾക്കും ഒടുവിൽ തിരുപ്രംകുണ്ഡ്രം മുരുകൻ ക്ഷേത്രമലയിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിഞ്ഞു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് ദീപപ്രജ്വലനം നടന്നത്. സുപ്രീം കോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിലും സിആർപിഎഫിന്റെ കർശന സുരക്ഷയിലുമായിരുന്നു ചടങ്ങ്.

ദീപം തെളിയിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ 13 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. വിരമിച്ച ജഡ്ജിമാരായ വൈദ്യനാഥൻ, പാർത്ഥിപൻ, മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ, പോലീസ് കമ്മീഷണർ, സിആർപിഎഫ് ഐജി, ക്ഷേത്രത്തിലെ ഭട്ടർ എന്നിവരും സമിതിയിൽ ഉൾപ്പെട്ടിരുന്നു.ദീപപ്രജ്വലനത്തിനായി ക്ഷേത്ര ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 50 പേർക്കാണ് മലമുകളിലേക്ക് പ്രവേശനം അനുവദിച്ചത്. ഉച്ചയ്‌ക്ക് 2.30നും മൂന്നിനും ഇടയിൽ ഇവർ മല കയറണമെന്നായിരുന്നു നിർദേശം. ചടങ്ങിനായി 400 സിആർപിഎഫ് ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിരുന്നു. ബെംഗളൂരുവിൽനിന്നും കൂടുതൽ സേനാംഗങ്ങളെ എത്തിച്ചു. മലമുകളിലും പരിസരപ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

  • Share This Article
Drisya TV | Malayalam News